
മലപ്പുറം∙ പുറത്തൂർ പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിൽ കെട്ടി നങ്കൂരത്തിൽ താഴ്ത്തിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മത്സ്യബന്ധനത്തിന് പുറപ്പെടാനിരുന്ന ‘സമർഖന്ദ്’ ബോട്ടിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിനായി നങ്കൂരം ഉയർത്തുന്നതിനിടെയാണ് ചാക്ക് നങ്കൂരത്തിൽ കുടുങ്ങിയതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പടിഞ്ഞാറേക്കരയിൽനിന്ന് കഴിഞ്ഞ ദിവസം കാണാതായ ദമ്പതികളിൽ യുവതിയുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പുഴയിൽ എത്തിച്ചതെങ്ങനെയെന്നും നങ്കൂരത്തിൽ കെട്ടി താഴ്ത്തിയതിനു പിന്നിലെ കാരണമെന്തെന്നും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.










